പിണറായിയെ മാറ്റി സിസിടിവി കാമറയെ ആഭ്യന്തരമന്ത്രിയാക്കണം: ഷാഫി പറമ്പില്‍
Saturday, November 5, 2022 12:04 PM IST
തിരുവനന്തപുരം: തലശേരിയില്‍ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.
തുടര്‍ച്ചയായി വീഴ്ച വരുത്തുന്ന പിണറായി വിജയനെ ആഭ്യന്തരമന്ത്രിയുടെ സ്ഥാനത്ത് നിന്ന് മാറ്റി പകരം സിസിടിവി കാമറ സ്ഥാപിക്കണമെന്ന് ഷാഫി പറഞ്ഞു. തലശേരി സംഭവത്തിലെ ഭീകരത കാണിച്ചുതന്ന സിസിടിവിക്ക് ആഭ്യന്തര മന്ത്രിയെക്കാള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, കേസിലെ പ്രതിയായ മുഹമ്മദ് ഷഹ്ഷാദിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്ക് തലശേരി കോടതിയാണ് ഷഹ്ഷാദിനെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. തലശേരിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
രാജസ്ഥാന് സ്വദേശിയായ ആറുവയസുകാരന് ഗണേശിനാണ് മര്‍ദനമേറ്റത്. ബാലനെ മര്‍ദിച്ചത് ചിലയാളുകള്‍ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ഷഹ്ഷാദ് കാറില്‍ കയറി പോകുകയായിരുന്നു.
കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഷഹ്ഷാദിന്റെ കാറും കസ്റ്റഡിയിലെടുത്തു.