ശരതിന് ഖേൽ രത്ന; എൽദോസിനും പ്രണോയ്ക്കും അർജുന
Saturday, November 5, 2022 4:00 PM IST
ന്യൂഡൽഹി: ടേബിൾ ടെന്നീസിലെ മിന്നും താരം ശരത് കമലിന് മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നൽകാൻ സെലക്ഷൻ കമ്മിറ്റി കേന്ദ്ര സർക്കാരിന് ശിപാർശ നൽകി. മലയാളി ട്രിപ്പിൾ ജന്പ് താരം എൽദോസ് പോൾ, ബാഡ്മിന്റൺ പ്രതിഭ എച്ച്. എസ്. പ്രണോയ് എന്നിവർ അർജുന പുരസ്കാര പട്ടികയിൽ ഇടംനേടി.
ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് മെഡൽ ജേതാവായ ശരത് മാത്രമാണ് ഇത്തവണ ഖേൽ രത്ന പുരസ്കാരപ്പട്ടികയിൽ ഉൾപ്പെട്ടത്. മണിക ബത്രയ്ക്ക് പിന്നാലെ ടേബിൾ ടെന്നീസിൽ നിന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതി നേടുന്ന രണ്ടാമത്തെ താരമാണ് ശരത്.
2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജന്പ് സ്വർണ മെഡൽ ജേതാവായ എൽദോസ് എറണാകുളം സ്വദേശിയാണ്. ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും എൽദോസിന്റെ പേരിലാണ്.
തിരുവനന്തപുരം സ്വദേശിയായ പ്രണോയ്, തോമസ് കപ്പ് വേദിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചാണ് ഈ കായികവർഷം വാർത്തകളിൽ നിറഞ്ഞത്. ഇന്ത്യൻ പുരുഷ ടീം ആദ്യമായി തോമസ് കപ്പ് നേടിയത് ക്വാർട്ടർ, സെമി പോരാട്ടങ്ങളിലെ സുപ്രധാന മത്സരങ്ങളിൽ പ്രണോയ് നടത്തിയ പോരാട്ടത്തിന്റെ മികവിലാണ്. ഏഷ്യൻ ചാന്പ്യൻഷിപ്പ്, യൂത്ത് ഒളിന്പിക്സ്, ബിഡബ്യൂഎഫ് ഗ്രാൻ പ്രി, ബിഡബ്യൂഎഫ് വേൾഡ് ടൂർ എന്നീ വേദികളിലും താരം തിളങ്ങയിട്ടുണ്ട്.
ചെസ് വേദിയിൽ മാഗ്നസ് കാൾസനെയടക്കം വിറിപ്പിച്ച കൗമാര പ്രതിഭ ആർ. പ്രഗ്നാനന്ദ, ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ, കോമൺവെൽത്ത് ബോക്സിംഗ് ചാന്പ്യൻ നിഖാത് സരീൻ, ഗുസ്തി താരം അൻഷു മാലിക് എന്നിവരും 25 അംഗ അർജുന അവാർഡ് പട്ടികയിലുണ്ട്.
മറ്റ് അർജുന അവാർഡ് ജേതാക്കൾ:
അവിനാഷ് സാബ്ലെ(സ്റ്റീപ്പിൾ ചേസ്), സീമ പൂനിയ(ഡിസ്കസ് ത്രോ), അമിത് പാംഗൽ(ബോക്സിംഗ് ), ഭക്തി കുൽക്കർണി(ചെസ് ), ഗ്രേസ് എക്ക(ഹോക്കി), സുശീല ദേവി(ജൂഡോ), സാക്ഷി കുമാരി(കബഡി), നയൻ മോനി സാകിയ(ലോൺ ബോൾ), എലവനീൽ വലരിവൻ(ഷൂട്ടിംഗ്), ഓം പ്രകാശ് മിഥർവാൽ(ഷൂട്ടിംഗ്), ശ്രീജ അകുല(ടേബിൾ ടെന്നീസ്), വികാസ് ഠാക്കൂർ(ഭാരേദ്വഹനം), സരിത മോർ(ഗുസ്തി), പർവീൺ(വുഷു), മാനസി ജോഷി(പാരാ ബാഡ്മിന്റൺ), തരുൺ ധില്ലൻ(പാരാ ബാഡ്മിന്റൺ), സ്വപ്നിൽ പാട്ടീൽ(പാരാ സ്വിമ്മിംഗ്), ജെർലിൻ അനിക(പാരാ ബാഡ്മിന്റൺ), സാഗർ ഒൽവാക്കർ.