നാവികരുടെ മോചനം; മോദിക്ക് കത്തെഴുതി മുഖ്യമന്ത്രി
Tuesday, November 8, 2022 6:24 PM IST
തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചതിന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ തടങ്കലിലാക്കപ്പെട്ട 16 ഇന്ത്യൻ നാവികരുടെ മോചനത്തിന് സഹായമഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
നോർവീജിയൻ കപ്പലായ ഹീറോയിക്ക് ഇൻഡൻ എന്ന കപ്പലിലെ 26 നാവികരെയാണ് ഗിനിയൻ അധികൃതർ കസ്റ്റഡിയിലെടുത്തത്. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരുൾപ്പെടുന്ന സംഘത്തെ നൈജീരയൻ ജയിലിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകിയത്.
കപ്പൽ സമുദ്രാതിർത്തി ലംഘിച്ചിട്ടില്ലെങ്കിലും പിഴയൊടുക്കാൻ നാവിക കന്പനി തയ്യാറാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി കുറിച്ചു.