പോളണ്ടിലേക്ക് മിസൈൽ തൊടുത്ത് റഷ്യ; രണ്ടുപേർ കൊല്ലപ്പെട്ടു
Wednesday, November 16, 2022 9:11 AM IST
വാഴ്സോ: യുക്രെയ്ൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ പോളണ്ടിലെ ഗ്രാമമായ പ്രസെവോഡോവിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റഷ്യൻ മിസൈലുകളാണ് പ്രസെവോഡോവിൽ പതിച്ചതെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.
റഷ്യൻ മിസൈലുകളാണ് പോളണ്ടിൽ പതിച്ചതെന്ന് മുതിർന്ന യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് പെന്റഗൺ അറിയിച്ചു. സംഭവത്തെക്കുറിച്ച് നാറ്റോയും അന്വേഷിക്കുന്നുണ്ട്.
എന്നാൽ വാർത്തകൾ തള്ളി റഷ്യൻ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. ബോധപൂർവമായ പ്രകോപനമാണ് നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷ്യ അറിയിച്ചു.
പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി ദേശീയ സുരക്ഷയ്ക്കും പ്രതിരോധ കാര്യങ്ങൾക്കുമായി സർക്കാർ സമിതിയുടെ അടിയന്തര യോഗം വിളിച്ചതായി സർക്കാർ വക്താവ് പിയോറ്റർ മുള്ളർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.