എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച കേസ്; ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്ക് നോട്ടീസ്
Saturday, November 19, 2022 1:03 AM IST
ഹൈദരബാദ്: തെലങ്കാനയിലെ ഭരണകക്ഷി എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് നോട്ടീസ്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസ് നൽകിയത്. നവംബര്‍ 21ന് ഹൈദരാബാദില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം.
കേസിൽ പോലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നടപടി. കഴിഞ്ഞമാസമാണ് കൂറുമാറുന്നതിനായി തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എംഎൽഎമാരെ ഒരു സംഘം സമീപിച്ചത്.
നൂറു കോടി രൂപയാണ് ഇവർക്ക് നൽകിയ വാഗ്ദാനം. സംഭവം പുറത്തായതിന് പിന്നാലെ എംഎൽഎമാരെ സമീപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ സതീഷ് ശര്‍മയെന്ന രാമചന്ദ്ര ഭാരതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.
സംഭവത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ ഇടപെടലിനെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുറന്നടിച്ചിരുന്നു.