വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒത്തുതീർപ്പായി; പൂർണ തൃപ്തിയില്ലെന്ന് സമരസമിതി
Tuesday, December 6, 2022 8:00 PM IST
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒത്തുതീർപ്പായി. സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മ
ത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നും സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിലും സമവായത്തിന്റെ ഭാഗമായി സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെരേര അറിയിച്ചു. സർക്കാരുമായി നടത്തിയ ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത ദിവസം സർക്കാർ നഷ്ടപരിഹാരം നൽകാൻ ചർച്ചയിൽ തീരുമാനമായി. തീരശോഷണത്തിൽ വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച നടത്തും. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്ക് മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കും. ഇതിൽ സർക്കാർ പ്രതിനിധിയും സമരസമിതി പ്രതിനിധിയുമുണ്ടാകും.
കഴിഞ്ഞ 140 ദിവസമായി തുടർന്നുവന്ന സമരമാണ് സമവായ ചർച്ചകൾക്കു ശേഷം അവസാനിപ്പിക്കുന്നത്.
സമരത്തിന്റെ ഒന്നാം ഘട്ടമാണ് അവസാനിപ്പിക്കുന്നത്. വിഴിഞ്ഞം തുറമുറഖം വരുത്തുന്ന പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് സമരസമിതി പഠനം നടത്തും. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് ബോധ്യപ്പെടുത്തും.
സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും മോൺ.യൂജിൻ എച്ച്.പെരേര പറഞ്ഞു. വീട്ടുവാടക 2,500 രൂപ വർധിപ്പിച്ച് 8,000 ആക്കി നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അദാനിയുടെ സിഎസ്ആർ ഫണ്ടിൽനിന്നും വേണ്ടെന്ന നിലപാടാണ് സമരസമിതി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.