ശിരോവസ്ത്രം ധരിച്ച് നൃത്തം: എൻജിനിയറിംഗ് വിദ്യാർഥികളെ സസ്പൻഡ് ചെയ്തു
Saturday, December 10, 2022 10:08 AM IST
മംഗളൂരു: ശിരോവസ്ത്രം ധരിച്ച് ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തംചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് കർണാടകത്തിൽ നാല് എൻജിനിയറിംഗ് വിദ്യാർഥികളെ കോളജ് അധികൃതർ സസ്പൻഡ് ചെയ്തു.
തീർത്തും അനുചിതമായ നടപടിയാണു വിദ്യാർഥികളുടേതെന്ന് ഏതാനുംപേർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് കോളജ് അധികൃതർ പറഞ്ഞു. ആഭ്യന്തര അന്വേഷണത്തിനുശേഷമാണ് വിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടിയെടുത്തത്.
ദബാംഗ് സിനിമയിലെ പ്രശസ്തമായ ഒരു ഗാനത്തിനാണ് ശിരോവസ്ത്രമണിഞ്ഞ വിദ്യാർഥികൾ ചുവടുകൾ വച്ചത്. കഴിഞ്ഞ ബുധനാഴ്ച കോളജിലെ ഒരു പൊതുപരിപാടിക്കുശേഷമാണ് നൃത്തരംഗം ചിത്രീകരിച്ചത്.