ഡൽഹിയിൽ 17 വയസുകാരിക്ക് നേരെ ആസിഡ് ആക്രമണം
Wednesday, December 14, 2022 3:35 PM IST
ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിൽ 17 വയസുകാരിക്ക് നേരെ ബൈക്കിലെത്തിയ അക്രമിസംഘം ആസിഡ് ആക്രമണം നടത്തി. പരിക്കേറ്റ കുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ സഹോദരിക്കൊപ്പം ദ്വാരക മെട്രോ സ്റ്റേഷന് സമീപത്ത് കൂടി നടക്കുന്ന വേളയിലാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
ദ്രാവകം മുഖത്ത് വീണതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടി, സമീപത്തെ വീട്ടിലെത്തി മുഖം കഴുകാൻ ശ്രമിച്ചു. തുടർന്ന് പ്രദേശവാസികൾ ചേർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. തന്നോട് ആർക്കും ശത്രുതയില്ലെന്നും ആരാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നുമാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്.