സൈക്കിൾ പോളോ താരത്തിന്റെ മരണം: കായിക വകുപ്പിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം
Thursday, December 22, 2022 9:53 PM IST
തിരുവനന്തപുരം: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ മലയാളി താരം നിദ ഫാത്തിമ(10) മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം. ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ പോയ കുട്ടികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ കായിക വകുപ്പും ദേശീയ കായിക ഫെഡറേഷനും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
നാഗ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിനിടെ കുട്ടി മരിച്ചത് ദുഃഖകരമാണെന്ന് പറഞ്ഞ സതീശൻ, കുട്ടിയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കായിക വകുപ്പിനും ദേശീയ ഫെഡറേഷനും ഒഴിഞ്ഞ് മാറാനാകില്ലെന്ന് പ്രസ്താവിച്ചു.
കേരള ടീമിന് ഭക്ഷണവും താമസ സൗകര്യവും നല്കാന് ദേശീയ ഫെഡറേഷന് തയാറായില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. താരങ്ങള്‍ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിനും സ്പോര്‍ട് കൗണ്‍സിലിനും അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തില്‍ ഇടപെട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.