ലോകകപ്പ് വിജയാഘോഷത്തിനിടെ യുവാവിനെ വെട്ടിയ കേസിലെ പ്രതി കീഴടങ്ങി
Friday, December 23, 2022 1:51 PM IST
കണ്ണൂർ: ലോകകപ്പിലെ അർജന്റൈൻ വിജയം ആഘോഷിക്കുന്നതിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. പള്ളിയാമൂല സ്വദേശി വിനോദ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
പള്ളിയാമൂല സ്വദേശി അനുരാഗും സുഹൃത്തുക്കളും പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബിഗ് സ്ക്രീനിന് മുമ്പിൽ മെസിപ്പടയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആഘോഷം തടയാനെത്തിയ വിനോദും സംഘവും അനുരാഗിനെയും സുഹൃത്തുക്കളെയും മർദിച്ചു. തുടർന്ന് കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് വിനോദ് അനുരാഗിനെ വെട്ടി പരിക്കേൽപ്പിച്ചു.
അനുരാഗിന്റെ സുഹൃത്തുക്കൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ ആറ് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.