ടിഡിപി റാലിയിലെ അപകടം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Thursday, December 29, 2022 11:56 AM IST
ന്യൂഡൽഹി: ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ തെലുങ്ക് ദേശം പാർട്ടിയുടെ(ടിഡിപി) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പടെ എട്ട് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ട്വിറ്ററിൽ കുറിച്ച പ്രധാനമന്ത്രി, അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നതായി അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്ക് 50,000 രൂപ വീതം അനുവദിച്ചതായും അദേഹം അറിയിച്ചു.