തുനീഷ ശർമയുടെ മരണം; ഷീസാനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
Saturday, December 31, 2022 12:35 PM IST
മുംബൈ: പ്രശസ്ത സീരിയൽ നടി തുനീഷ ശർമ മരിച്ച കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന മുൻ കാമുകനും നടനുമായ ഷീസാൻ ഖാന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. മുംബൈ വാസായ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചത്.
തുനിഷയുടെ മരണത്തിനു പിന്നാലെ 27-കാരനായ നടൻ അജ്ഞാത യുവതിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ മായ്ച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്താനും മതപരിവർത്തനശ്രമം അടക്കം തുനീഷയുടെ മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാനുമാണ് കസ്റ്റഡി നീട്ടിനൽകിയത്.
ഡിസംബർ 24-ന് അറസ്റ്റിലായ ഷീസാനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് കോടതി വിട്ടത്. തുടർന്ന് രണ്ട് തവണ കൂടി കോടതി കസ്റ്റഡി കാലാവധി നീട്ടിനൽകിയിരുന്നു.