രാമക്ഷേത്രം തുറക്കുമെന്ന് പ്രഖ്യാപിക്കാൻ ഷാ എന്താ പൂജാരിയോ; ആഭ്യന്തരമന്ത്രിക്കെതിരെ ഖാർഗെ
Friday, January 6, 2023 6:10 PM IST
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം തുറക്കുമെന്നു പ്രഖ്യാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യപൂജാരിയാണോയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഷായുടെ പണി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്നാൽ അദ്ദേഹം ക്ഷേത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു.
ഹരിയാനയിലെ പാനിപ്പത്തിൽ ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം ബിജെപി സർക്കാർ പാലിക്കുന്നില്ലെന്ന് ഖാർഗെ ആരോപിച്ചു.
ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഷാ അവിടെ പോയി രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നിനാണെന്ന് പ്രഖ്യാപിക്കുന്നു. എല്ലാവരും ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. എന്നാൽ എന്തിനാണ് തെരഞ്ഞെടുപ്പ് സമയത്ത് ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നത്- ഖാർഗെ ചോദിച്ചു.
നിങ്ങളാണോ രാമക്ഷേത്രത്തിന്റെ പൂജാരി. നിങ്ങളാണോ രാമക്ഷേത്രത്തിന്റെ മഹന്ത്? ക്ഷേത്രഭാരവാഹികൾ അതിനെക്കുറിച്ച് സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ ആരാണ്? നിങ്ങൾ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിർത്തുക, ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കുക, കർഷകർക്ക് മതിയായ വില നൽകുക എന്നിവയാണ് നിങ്ങളുടെ ജോലി- ഖാർഗെ കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നുവെങ്കിലും നടന്നില്ല. വിളകൾക്ക് താങ്ങുവില വർധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അത് സംഭവിച്ചോ- ഖാർഗെ ചോദിച്ചു.