യൂത്തന്മാർ തമ്മിലടി; ഷാഫി ഫുട്ബോൾ കളിച്ച് നടക്കുകയാണെന്ന് വിമർശനം
Sunday, January 8, 2023 7:23 PM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന കമ്മിറ്റി. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ച് നടക്കുകയാണെന്നും ഷോ മാത്രമാണ് അദ്ദേഹം നടത്തുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.
ജനകീയ വിഷയങ്ങളിൽ സംഘടന നിലപാട് എടുക്കാറില്ല; നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ് മാറി. ഷാഫിയുടെ കീഴിൽ സംഘടന നിർജീവമാണെന്നും താഴേത്തട്ടിൽ യൂണിറ്റുകൾ പോലുമില്ലെന്നും യോഗം ആക്ഷേപമുന്നയിച്ചു.
ശശി തരൂരിന്റെ പൊതുപരിപാടികളുമായി ബന്ധപ്പെട്ട് സംഘടന സ്വീകരിച്ച നിലപാടിനെ വിമർശിച്ച പ്രവർത്തകർ, മൃദുഹിന്ദുത്വം സംബന്ധിച്ച എ.കെ. ആന്റണിയുടെ പ്രസ്താവനയിൽ ഷാഫി പ്രതികരിക്കാത്തതിനെതിരെയും വിമർശനം ഉന്നയിച്ചു.
കോൺഗ്രസിലെ മാറിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ പ്രതിഫലനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രസ്താവിച്ചു. ഇതിനിടെ, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാമെന്ന് ഷാഫി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.