പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി
Tuesday, January 10, 2023 1:14 PM IST
കൊച്ചി: സംസ്ഥാനത്ത് 60 ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്തിന് ഇതിനുള്ള അധികാരമില്ലെന്ന് കോടതി പറഞ്ഞു.
60 ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്പ്പെടുത്തികൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തുണിക്കടയിലും മറ്റും ഉപയോഗിക്കാവുന്ന പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് കവറുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. അതേസമയം അറുപത് ജിഎസ്എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകളുടെ നിരോധനം തുടരും.
പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികാരമുള്ളത് കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാനത്തിന് ഇത്തരമൊരു അധികാരമില്ലെന്നുമുള്ള സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.