സിൽവാസയിൽ എട്ട് വയസുകാരനെ നരബലിക്ക് ഇരയാക്കിയ ബാലൻ പിടിയിൽ
Wednesday, January 11, 2023 10:42 PM IST
ഗാന്ധിനഗർ: ദാദ്രാ നഗർ ഹവേലിയിൽ എട്ട് വയസുകാരനെ നരബലിക്ക് ഇരയാക്കിയ കേസിൽ ഇറച്ചിവെട്ട് തൊഴിലാളിയായ കുട്ടിയടക്കം രണ്ട് പേർ അറസ്റ്റിൽ. ശൈലേഷ് കോഹ്ഖേര(28) എന്നയാളും ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ച പ്രായപൂർത്തിയാകാത്ത ബാലനുമാണ് പിടിയിലായത്.
സിൽവാസ നഗരത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ സായ്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ താപി സ്വദേശിയായ ഇറച്ചിവെട്ട് തൊഴിലാളി, സാന്പത്തിക അഭിവൃദ്ധിക്കായി എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.
തല വെട്ടിമാറ്റിയ നിലയിൽ ഉപേക്ഷിച്ച ശരീരഭാഗങ്ങൾ ഡിസംബർ 29-ന് ഗുജറാത്തിലെ വാപി മേഖലയിൽ നിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള എട്ട് വയസുകാരന്റെ മൃതദേഹമാണ് ഇതെന്ന് മനസിലായത്.
മൊബൈൽ കോൾ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത പ്രതിയെ സൂറത്തിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.