കൊച്ചി: കേരളത്തില്‍ നിന്നുള്ള സൈക്കിള്‍ പോളോ താരം നാഗ്പൂരില്‍വച്ച് മരിച്ച സംഭവത്തില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ ദേശീയ ഫെഡറേഷന് ഹൈക്കോടതി നിര്‍ദേശം. സംഘാടകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളാ സൈക്കിള്‍ ഫെഡറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍നിന്നെത്തിയ കുട്ടികള്‍ക്ക് സൗകര്യമൊരുക്കിയില്ലെന്ന് കോടതി ചോദിച്ചു. എന്നാല്‍ നിദ ഫാത്തിമ അടക്കമുവര്‍ക്ക് താമസ ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെന്നും കുട്ടികള്‍ ഇത്
നിഷേധിക്കുകയായിരുന്നെന്നും ദേശീയ ഫെഡറേഷന്‍ സെക്രട്ടറി കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത ഹര്‍ജിക്കാര്‍ ഒരു തരത്തിലുള്ള സൗകര്യവും ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ലെന്ന് കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവുമായി മത്സരിക്കാനെത്തിയ സംഘമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ കുട്ടികളെ മാറ്റിനിര്‍ത്തി. താമസസൗക്യം നിഷേധിച്ചുകൊണ്ടുള്ള അധികൃതരുടെ ഓഡിയോ സന്ദേശം കൈവശമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കും.