ഹിമാചൽ പ്രദേശ് ക്രിക്കറ്റർ വൃക്കതകരാർ മൂലം അന്തരിച്ചു
Friday, January 13, 2023 11:21 PM IST
ഗാന്ധിനഗർ: ഹിമാചൽ പ്രദേശ് രഞ്ജി ടീമിലെ അംഗവും പേസ് ബൗളറുമായ സിദ്ധാർഥ് ശർമ(28) അന്തരിച്ചു. ശരീരത്തിലെ ക്രിയാറ്റിൻ നില പരിധിയിൽ കൂടുതൽ ഉയർന്ന് വൃക്കയും ആന്തരികാവയവങ്ങളും തകരാറിലായിയാണ് ശർമ മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ഗുജറാത്തിലെ വഡോദരയിൽ വച്ചാണ് അന്ത്യം.
ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ നിന്നുള്ള താരമായ ശർമ, 2022 ഡിസംബറിൽ ബംഗാളിനെതിരായ മത്സരത്തിലാണ് അവസാനമായി കളിച്ചത്. ആദ്യ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ തിളക്കത്തിൽ ബറോഡയ്ക്കെതിരായ പോരാട്ടത്തിനായി വഡോദരയിൽ എത്തിയ വേളയിലാണ് അസുഖബാധിതനായത്.
പനിയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വേളയിലാണ് വൃക്കതകരാർ കണ്ടെത്തിയത്. ആരോഗ്യം ക്ഷയിച്ചതോടെ വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ട ശർമ രണ്ടാഴ്ചയായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
സൈനികനായ പിതാവിന്റെ എതിർപ്പ് മറികടന്ന് ക്രിക്കറ്റ് കളത്തിലെത്തിയ വ്യക്തിയാണ് ശർമ. പഞ്ചാബി ഗാനമായ "ലവ് ചാർജർ' സ്ഥിരമായി കേട്ടിരുന്ന ശർമയെ ആ പേരിലാണ് സഹതാരങ്ങൾ പലപ്പോഴും സംബോധന ചെയ്തിരുന്നത്.
2017-2018 സീസണിൽ വിജയ് ഹസാരെ ട്രോഫി ജേതാക്കളായ ഹിമാചൽ ടീമിലെ അംഗമായിരുന്ന ശർമയുടെ നിര്യാണം സംസ്ഥാന ടീമിന് നികത്താനാവാത്ത നഷ്ടമാണെന്ന് എച്ച്പിസിഎ പ്രതികരിച്ചു.