മുഖ്യമന്ത്രിയുടെ കോട്ട് തയാറാക്കിയിട്ടില്ലെന്ന് ശശി തരൂർ
Saturday, January 14, 2023 10:43 AM IST
കോഴിക്കോട്: മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. താൻ മുഖ്യമന്ത്രിയുടെ കോട്ട് തയാറാക്കിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു.
ആര് എന്ത് പറഞ്ഞാലും തനിക്ക് പ്രശ്നമല്ല. ഇതോക്കെ പറയുന്നത് ആരാണെന്ന് തനിക്കറിയണം. താൻ കോട്ട് തയാറാക്കിയിട്ടില്ല. നമ്മുടെ മുഖ്യമന്ത്രിമാർ സാധാരണയായി കോട്ട് ഇടാറില്ല. പിന്നെ എവിടെനിന്നാണ് ഈ കോട്ട് വന്നിരിക്കുന്നത്.
തന്റെ കോട്ട് മുഖ്യമന്ത്രിയുടേത് അല്ല. കോട്ടിന്റെ കാര്യം പറയുന്നവരോട് തന്നെ ചോദിക്കണം അതേപറ്റിയെന്നും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ 14 വർഷത്തെ പോലെ ക്ഷണം ലഭിക്കുന്പോൾ അതിൽനിന്നും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ പോയി പ്രസംഗിക്കും. എല്ലാവർക്കും ഇത്തരത്തിൽ ക്ഷണം ലഭിക്കുന്നുണ്ട്. അവരെല്ലാം പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സമയം ലഭിക്കുന്നതുപോലെ പരിപാടികളിൽ പോകും. താങ്കളെ ലക്ഷ്യം വച്ച് ആരെങ്കിലും നീങ്ങുന്നുണ്ടോ എന്ന് മാധ്യങ്ങൾ ചോദിച്ചപ്പോൾ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും തരൂർ പ്രതികരിച്ചു.