ട്രെയിൻ യാത്രക്കിടെ ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന് മർദനം
Sunday, January 15, 2023 6:45 AM IST
ലക്നോ: ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ വിവസ്ത്രനാക്കി ആക്രമിച്ചതായി പരാതി. ഡല്‍ഹിയില്‍ നിന്ന് മൊറാദാബാദിലേക്ക് പോവുകയായിരുന്ന പത്മാവത് എക്സ്പ്രസില്‍ വച്ചാണ് അക്രമണം ഉണ്ടായത്.
അസിം ഹുസൈന് എന്ന യുവാവിനാണ് മർദനമേറ്റത്. ഹാപൂര്‍ സ്റ്റേഷനില്‍ നിന്ന് കയറിയ കുറച്ചാളുകളാണ് അസിമിനെ മർദിച്ചത്.
ആക്രമിസംഘം അസിമിന്റെ താടിയിൽ പിടിച്ചുവലിക്കുകയും ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. ആക്രമികൾ തന്നെ കള്ളനെന്ന് വിളിച്ചുവെന്നും അസിം ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.