മിന്നലിനെ പ്രതിരോധിക്കാൻ ലേസർ; പരീക്ഷണം വിജയം
Wednesday, January 18, 2023 7:02 AM IST
ലണ്ടൻ: മിന്നൽ പിണരുകളെ ലേസർ രശ്മികളുപയോഗിച്ച് സുരക്ഷിതസ്ഥാനത്തു പതിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരം. സ്വിറ്റ്സർലൻഡിലെ സാന്റിസ് പർവതനിരയിലാണു പരീക്ഷണം നടത്തിയത്.
ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പരീക്ഷണ കാലയളവിൽ നാലു മിന്നൽപ്പിണരുകളെ ലേസർ നിയന്ത്രിച്ച പാതയിലൂടെ ഭൂമിയിലെത്തിച്ചു. ലേസർ രശ്മികൾ വായുവിനെ ചൂടാക്കി അതിന്റെ സാന്ദ്രത കുറച്ച് എളുപ്പം താഴെയെത്താനുള്ള ഒരു ചാലകമുണ്ടാക്കിക്കൊടുക്കുകയാണു ചെയ്യുന്നത്.
അതീവ സുരക്ഷാമേഖലകളായ വിമാനത്താവളങ്ങൾ, റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്ന മികവുറ്റ മിന്നൽ നിയന്ത്രണ രീതിയാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.