കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെ കൂട്ടരാജി
Monday, January 23, 2023 8:10 PM IST
കോട്ടയം: കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീന്‍ ഉള്‍പ്പെടെ എട്ട് പേര് രാജിവച്ചു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹനുമായി അടുപ്പമുള്ളവരാണ് രാജി വച്ചത്.
രാജി ജനുവരി 18-ന് തന്നെ ശങ്കര്‍ മോഹന്‍ നല്‍കിയിരുന്നതായി രാജിവച്ചവര്‍ വ്യക്തമാക്കി. അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന പരാതി അംഗീകരിക്കാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ദീര്‍ഘനാളായി സമരം നടത്തിവരികയായിരുന്നു. ഇന്നാണ് 50 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ശങ്കര്‍ മോഹന്‍ ഡയറക്ടർ പദവി രാജിവച്ചിരുന്നു
ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചത്. സമരം ഒത്തുതീര്‍ന്നതായി മന്ത്രി ആര്. ബിന്ദുവും പ്രതികരിച്ചു.ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം.