അദാനി "നടുവൊടിച്ചു': ഓഹരി സൂചികകൾ ഇന്നും കൂപ്പുകുത്തി
വെബ് ഡെസ്ക്
Tuesday, January 31, 2023 12:57 PM IST
മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കരകയറാനാകാതെ അദാനി ഓഹരികൾ ഇന്നും കൂപ്പുകുത്തി. അദാനി എന്‍റർപ്രൈസസും അംബുജ സിമന്‍റും ഒഴികെയുള്ള എല്ലാ ഓഹരികളും നിക്ഷേപകരുടെ നടുവൊടിച്ചു.
കഴിഞ്ഞ ദിവസം അദാനി വിൽമർ, അദാനി ഗ്രീൻ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ എന്നിവ ഉയർന്ന വിൽപ്പന നടത്തിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഏതാണ്ട് അഞ്ചരലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്.
അദാനിയുടെ സമ്പത്തിൽ ഏതാണ്ട് മൂന്നിലൊന്ന് കുറവാണ് ഉണ്ടായത്. ഫോബ്സ് മാഗസിന്‍റെ ലോകത്തെ ധനികരുടെ പട്ടികയിൽ ഏട്ടാംസ്ഥാനത്തേക്കും അദാനി വീണു. അദാനി എന്‍റർപ്രൈസസ് എഫ്പിഒ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു.