"കാട്ടാനയുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവരെ അറിയാം, നടപടിയുണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും'
സ്വന്തം ലേഖകൻ
Sunday, February 5, 2023 11:44 AM IST
ഇടുക്കി: കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂ. ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. നടപടികളുണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കുമെന്നും സി.പി. മാത്യു പൂപ്പാറയിൽ പറഞ്ഞു. ഇടുക്കിയില്‍ വന്യജീവി ആക്രമണം പതിവായ പശ്ചാത്തലത്തിലാണ് പ്രതികരണം.
"ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം വരുമെന്ന് പറയുന്നു. തിരുനെറ്റിക്ക് വെടിവെക്കുന്ന സുഹൃത്തുക്കളുണ്ട് ഞങ്ങള്‍ക്ക് തമിഴ്നാട്ടിലും കര്‍ണാടകത്തിലും. ആവശ്യമില്ലാത്ത പണിയിലേക്ക് പോകരുത്. ആനയുടെ ബുദ്ധിമുട്ട് ഇനിയും ഉണ്ടായാല്‍ ആളുകളെ കൊണ്ടുവന്ന് അതിന്റെ തിരുനെറ്റിക്ക് തന്നെ വെടിവെക്കാന്‍, നിയമവിരുദ്ധമാണെങ്കില്‍ ആയിക്കോട്ടെ. മയക്കുവെടി വെക്കാനുള്ള ചര്‍ച്ചയല്ല ആവശ്യം'- സി.പി. മാത്യൂ പറഞ്ഞു.
പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സി.പി.മാത്യു വ്യക്തമാക്കി.