ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ തനിക്കില്ലാത്ത താത്പര്യം ആർക്കാണ്? പ്രതികരണവുമായി ചാണ്ടി ഉമ്മൻ
Saturday, February 11, 2023 3:49 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ തനിക്കില്ലാത്ത താത്പര്യം ആർക്കാണ് ഉള്ളത് എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു.
പിതാവിന്റെ ആരോഗ്യനിലയെപ്പറ്റി മകൻ എന്ന നിലയിൽ തനിക്ക് ആശങ്കയും ഉത്തരവാദിത്തവുമുണ്ടെന്നും അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഞായറാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നും ചാണ്ടി പറഞ്ഞു.
എഐസിസിയുടെ നിർദേശാനുസരണം കെ.സി. വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോകാൻ പ്രത്യേക വിമാനം പാർട്ടി ഏർപ്പാടാക്കിയെന്നും വേണുഗോപാൽ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റുന്നത്.