""പിണറായിയെ പരിഹസിച്ചതാണ്''; നികുതി ബഹിഷ്കരിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് സുധാകരന്
Saturday, February 11, 2023 2:04 PM IST
തിരുവനന്തപുരം: നികുതി ബഹിഷ്കരണ പ്രഖ്യാപനം പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. പിണറായിയുടെ മുന്‍ പ്രഖ്യാപനത്തെ പരിഹസിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സുധാകരന് വിശദീകരിച്ചു.
ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരോട് ആശയവിനിമയം നടത്തിയിരുന്നില്ല. നികുതി ബഹിഷ്കരണ തീരുമാനം ചിലപ്പോള്‍ പാര്‍ട്ടിക്ക് എടുക്കേണ്ടിവന്നേക്കാം. എന്നാല്‍ നിലവില്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും സുധാകരന് കൂട്ടിചേര്‍ത്തു.
വെള്ളിയാഴ്ച കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനങ്ങള്‍ അധിക നികുതി അടയ്ക്കരുതെന്ന് സുധാകരന് പറഞ്ഞത്. ഇതിന്റെ പേരില്‍ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നായിരുന്നു പരാമര്‍ശം.
യുഡിഎഫ് ഭരിക്കുമ്പോള്‍ വെള്ളക്കരവും ഭൂനികുതിയും അടയ്ക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരന് ചൂണ്ടിക്കാണിച്ചിരുന്നു.