ടീം ഹോർഹെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
Thursday, February 16, 2023 7:18 PM IST
ന്യൂഡൽഹി: ഇസ്രേയേൽ സംഘമായ ടീം ഹോർഹെ രാജ്യത്തെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.
ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾക്ക് സുരക്ഷയില്ലെന്നും ബിജെപിയുടെ ഐടി സെല്ലിന് സമാനമായ രീതിയിലാണ് ടീം ഹോർഹെ പ്രവർത്തിക്കുന്നതെന്നും അന്വേഷണം ആവശ്യപ്പെട്ടുള്ള വാർത്താസമ്മേളനത്തിൽ കോൺഗ്രസ് വക്താക്കളായ പവൻ ഖേര, സുപ്രിയ ശ്രീനാറ്റെ എന്നിവർ പ്രസ്താവിച്ചു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. പൗരന്മാരുടെ വ്യക്തിവിവരങ്ങൾ വിദേശികൾക്ക് കൈമാറുന്നത് സുരക്ഷാവീഴ്ചയാണ്. ജനാധിപത്യ സംവിധാനത്തിൽ ഇടപെടാൻ ബാഹ്യശക്തികൾക്ക് അനുവാദം നൽകുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
പെഗാസസ്, കേംബ്രിഡ്ജ് അനലിറ്റിക എന്നി സംവിധാനങ്ങൾ ഉപയോഗിച്ച് എതിരാളികളെ സർക്കാർ നിരീക്ഷിച്ചെന്ന ആരോപണവും കോൺഗ്രസ് ഓർമിപ്പിച്ചു.
നേരത്തെ, ഹാക്കിംഗ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഹോർഹെ സംഘം സ്വാധീനം ചെലുത്തിയതായി രാജ്യാന്തര മാധ്യമം വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ഇസ്രയേൽ സർക്കാരിന്റെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന സംഘം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇടപെടൽ നടത്തിയെന്നാണ് കണ്ടെത്തൽ. കൂട്ട മെസേജുകളും പ്രൊപഗാൻഡ സന്ദേശങ്ങളും ഇന്ത്യയടക്കുമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് പണത്തിനായി നിർമിച്ച് നൽകിയിട്ടുണ്ടെന്ന് ടീം ഹോർഹെ വെളിപ്പെടുത്തി.
ഇസ്രയേൽ ചാരസംഘടനയുടെ മുൻ ഏജന്റായിരുന്ന ടാൽ ഹനാൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. ഹോർഹെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഹനാൻ, അത്യാധുനിക സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമ പ്രചരണങ്ങളിലും വാർത്താ വെബ്സൈറ്റുകളിലും ഇടപെട്ടുവെന്നാണ് കണ്ടെത്തൽ.
ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലെല്ലാം ഹോർഹെ ടീമിന്റെ സോഫ്റ്റ്വെയർ തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഉപയോഗിക്കപ്പെട്ടു. ട്വിറ്റർ, ഫെയ്സ്ബുക്ക്, ജിമെയിൽ എന്നിവ ഹാക്ക് ചെയ്താണ് ഇടപെടൽ നടത്തിയത്. എൻക്രിപ്റ്റ്ഡ് ആപ്പായ ടെലഗ്രാമിലെ സന്ദേശങ്ങളിൽ ഇടപെടാനുള്ള സാങ്കേതികവിദ്യയും ഇവരുടെ പക്കലുണ്ട്.