അവയവമാറ്റം: പ്രായപരിധി ഒഴിവാക്കി കേന്ദ്രം
Friday, February 17, 2023 9:24 PM IST
ന്യൂഡൽഹി: പ്രായപരിധി ഒഴിവാക്കി അവയവമാറ്റത്തിനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുതുക്കുന്നു. അവയവമാറ്റത്തിനായി ഒരു രാജ്യം, ഒരു നയം എന്ന പുതിയ പ്രഖ്യാപനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്നത്. അവയവം സ്വീകരിക്കുന്നതിനായുള്ള രജിസ്ട്രേഷന് 65 വയസ് കഴിഞ്ഞവർക്കുള്ള നിയന്ത്രണവും ഒഴിവാക്കും.
അവയവമാറ്റത്തിനായി ഏത് സംസ്ഥാനത്തും വ്യക്തിക്ക് അപേക്ഷിക്കാം. സംസ്ഥാന പരിധി നിയന്ത്രണം പൂർണമായും ഒഴിവാക്കും. രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ ഉൾപ്പടെ സംസ്ഥാനങ്ങൾ റജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നുണ്ട്.
അവയവമാറ്റ ചട്ടങ്ങളിൽ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്നത്. അവയവദാനത്തിനൊപ്പം തന്നെ മൃതദേഹങ്ങൾ ദാനം ചെയ്യുന്നതിനെയും സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഇനി മുതൽ ഇന്ത്യയിൽ ഏതു സംസ്ഥാനത്തു നിന്നും അവയവമാറ്റത്തിനായി പേര് രജിസ്റ്റർ ചെയ്യാം.
പ്രായഭേദമന്യേ അവയമാറ്റത്തിന് രജിസ്റ്റർ ചെയ്യാം എന്നതാണ് ഭേദഗതി ചെയ്യുന്ന ചട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് അവയദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ജീവിത്തിൽ കൂടുതൽ പ്രതീക്ഷവച്ചു പുലർത്താൻ സഹായിക്കുമെന്നുമാണ് സർക്കാർ വിലയിരുത്തൽ.