രക്ഷകനായി അക്സറും അശ്വിനും; ഓസീസിന് ഒരു റൺസ് ലീഡ്
Saturday, February 18, 2023 5:14 PM IST
ന്യൂഡൽഹി: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്ക് ഒരു റണ്‍സിന്റെ ഒന്നാം ഇന്നിഗ്സ് ലീഡ്. 139/7 എന്ന നിലയിൽ തകർന്ന ഇന്ത്യയെ അക്സര്‍ പട്ടേലും (74) രവിചന്ദ്രൻ അശ്വിനും (37) ചേർന്നാണ് 263 റൺസ് എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. എട്ടാം വിക്കറ്റില്‍ 114 റൺസാണ് ഇരുവരും അടിച്ചെടുത്തത്.
21/0 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ രോഹിത് ശർമയും (32), കെ.എൽ.രാഹുലും (17) തുടക്കത്തിൽ തന്നെ പുറത്തായി. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയായി.
ശ്രേയസ് അയ്യർ നാല് റൺസിന് പുറത്തായത്തോടെ ഇന്ത്യ 66/4 റൺസ് എന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. ആദ്യ നാല് വിക്കറ്റുകളും നേഥന്‍ ലിയോണാണ് വീഴ്ത്തിയത്.
രവീന്ദ്ര ജഡേജയുടെയും വിരാട് കോഹ്ലിയുടെയും ശ്രീകര്‍ ഭരത്തിന്റെയും വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഇന്ത്യ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചു. തുടർന്നാണ് അക്സറും അശ്വിനും ടീമിനെ രക്ഷിച്ചത്.
ഒരു റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ടാം ദിനം അവസാനിക്കുന്പോൾ 61/0 എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിൽ 263 റണ്‍സിൽ അവസാനിച്ചിരുന്നു.