എല്ലാ വോട്ടും ബിജെപിക്ക്; ഇവിഎമ്മിന്റെ വീഡിയോ പങ്കുവച്ചയാൾ അറസ്റ്റിൽ
Saturday, February 18, 2023 8:14 PM IST
ഷില്ലോംഗ്: ഇവിഎമ്മിൽ ഏതെങ്കിലും ബട്ടൺ അമർത്തിയാൽ ബിജെപിക്ക് അനുകൂലമായി വോട്ട് ലഭിക്കുമെന്ന് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽനിന്നും ബോലോംഗ് ആർ. ലാഗ്മയാണ് അറസ്റ്റിലായത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എഫ്.ആർ. ഖാർകോൻഗോർ ആണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 16ന് ബോലോംഗ് ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വീഡിയോ ഷെയർ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് റോംഗ്ജെംഗ് മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോലോംഗിനെ അറസ്റ്റു ചെയ്തത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തുന്നത് ഐപിസി 171 ജി പ്രകാരം കേസെടുക്കാവുന്നതാണെന്നും ഖാർകോൻഗോർ വ്യക്തമാക്കി.