കേന്ദ്ര സെക്രട്ടറി പദവിയിൽ നിന്നു തന്റെ പിതാവിനെ നീക്കിയത് ഇന്ദിരാഗാന്ധി: ജയശങ്കർ
Wednesday, February 22, 2023 10:54 AM IST
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ ഉത്പാദന സെക്രട്ടറി പദവിയിൽ പിതാവായ ഡോ. കെ. സുബ്രഹ്മണ്യനെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് നീക്കിയതെന്ന് മകനും വിദേശകാര്യമന്ത്രിയുമായ ഡോ. എസ്. ജയശങ്കർ. രാജീവ് ഗാന്ധിയുടെ കാലത്ത്, തന്റെ പിതാവിനെ മറികടന്നാണ് ജൂണിയർ ഓഫീസറെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നും മന്ത്രി ആരോപിച്ചു.
വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജയശങ്കറുടെ വെളിപ്പെടുത്തൽ. 1979 ലെ ജനതാ സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി നിയമിതനായ സുബ്രഹ്മണ്യത്തെ കോണ്ഗ്രസ് സർക്കാരാണ് മാറ്റിയത്. ഇന്ത്യയിലെ പ്രമുഖ ദേശീയ സുരക്ഷാതന്ത്രജ്ഞരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കെ. സുബ്രഹ്മണ്യം 2011ൽ അന്തരിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1980-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെയാണ് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത്. രാജീവ് ഗാന്ധിയുടെ കാലത്തും അനീതിയുണ്ടായി. വളരെ നേരായ വ്യക്തി ആയതിനാൽ ആകാം തന്റെ പിതാവിനെ മാറ്റിയതെന്നും അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു.
എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്ത് 2015 ജനുവരിയിലാണ് ജയശങ്കർ വിദേശകാര്യ സെക്രട്ടറിയായത്. ചൈനയിലും അമേരിക്കയിലും ഉൾപ്പെടെ സുപ്രധാന സ്ഥാനപതി പദവികളിലും ജയശങ്കർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ജനുവരി വരെ വിദേശകാര്യ സെക്രട്ടറി പദവിയിൽ തുടർന്നു. സർവീസിൽ നിന്നു വിരമിച്ച ശേഷം നരേന്ദ്ര മോദിയാണ് വിദേശകാര്യ മന്ത്രിയായി നിയമിച്ചത്.
മികച്ച നയതന്ത്ര ഉദ്യോഗസ്ഥനാകാനും വിദേശകാര്യ സെക്രട്ടറി പദവിയിലേക്ക് ഉയർത്തപ്പെടാനും താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് ജയശങ്കർ പറഞ്ഞു. ഏറ്റവും മികച്ച ഫോറിൻ സർവീസ് ഓഫീസർ ആകണമെന്നായിരുന്നു മനസിൽ. ഏറ്റവും മികച്ചതിന്റെ നിർവചനം ഒരു വിദേശകാര്യ സെക്രട്ടറിയായി അവസാനിക്കുക എന്നതായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.