ചീങ്കണ്ണിയുടെ ആക്രമണം; ഫ്ലോറിഡയിൽ 85കാരി കൊല്ലപ്പെട്ടു
Wednesday, February 22, 2023 10:53 AM IST
ഫ്ലോറിഡ: യുഎസിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ 85 വയസുകാരി കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്സിലാണ് സംഭവം നടന്നത്. വളർത്തു നായയുമായി നടക്കാനിറങ്ങിയ സ്ത്രീയാണ് കൊല്ലപ്പെട്ടത്. മൂന്നു മീറ്റർ നീളമുള്ള ചീങ്കണ്ണിയാണ് ആക്രമിച്ചത്.
ചീങ്കണ്ണി ആദ്യം നായയെ ആക്രമിക്കാനാണ് ശ്രമിച്ചത്. എന്നാൽ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്ത്രീയുടെ നേരെ തിരിയുകയായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡയിലെ 67 കൗണ്ടികളിലും ചീങ്കണ്ണികളെ കാണാം. എന്നാൽ കഴിഞ്ഞ 75 വർഷത്തിനിടെ 26 പേർ മാത്രമാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ മരിച്ചിട്ടുള്ളത്.