ധോണി അരിമണി എസ്റ്റേറ്റിൽ വൻ അഗ്നിബാധ: ലക്ഷങ്ങളുടെ നഷ്ടം
Friday, February 24, 2023 2:09 AM IST
പാലക്കാട്: ധോണി അരിമണി എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ 40ൽപരം ഏക്കറിലെ റബർതൈകൾ കത്തിനശിച്ചു. 200 ഏക്കറോളം വരുന്നതാണ് അരിമണി എസ്റ്റേറ്റ്. ഇന്നലെ രാവിലെ പതിനൊന്നോടെ അക്വഡേറ്റ് പാലത്തിനു സമീപത്തെ വനത്തിൽ നിന്നാണു തീ പടർന്നതെന്നാണ് തോട്ടം സൂപ്രണ്ടുമാർ പറയുന്നത്.
എറണാകുളം സ്വദേശി പാറേൽ ഡോ. ഏബ്രഹാം സെബാസ്റ്റ്യൻ, സഹോദരി ഷീല രാജു മാളിയേക്കൽ, കോട്ടയം കൊല്ലാട് സ്വദേശികളായ മൂലപ്ലാക്കൽ ടോമി കുര്യാക്കോസ്, ഡോ.ഏബ്രഹാം, ഡോ. സന്തോഷ്, എം.കെ ആന്റണി എന്നിവരുടെ തോട്ടങ്ങളാണു കത്തിനശിച്ചത്. ഒന്നര മുതൽ നാലു വർഷം വരെ പ്രായമായ റബർ തൈകളാണു കത്തിനശിച്ചതിൽ ഭൂരിഭാഗവും. ആറായിരത്തോളം മരങ്ങൾ പൂർണമായും നാലായിരത്തോളം എണ്ണം ഭാഗികമായും കത്തിനശിച്ചു.
പാലക്കാട്ടുനിന്നു രണ്ടു യൂണിറ്റ് ഫയർ എഞ്ചിനുകൾ തീ അണയ്ക്കാൻ എത്തിയിരുന്നു. തീപിടിത്തമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ലെന്നു പരാതിയുയർന്നു. ടാങ്കറുകളിൽ വെള്ളം കുറവായതും ഉള്ള വെള്ളം വീടുകൾക്ക് വല്ലതും സംഭവിച്ചാൽ മാത്രമേ ഉപയോഗിക്കൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതും നാട്ടുകാരുടെ പ്രതിഷേധത്തിനും തീ പടർന്നു പിടിക്കുന്നതിനും ഇടയാക്കി. വൈകുന്നേരം നാലരയോടെ തീ നിയന്ത്രണ വിധേയമായി.