തെരഞ്ഞെടുപ്പ് നടക്കാത്തതിൽ നിരാശ; മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി ചെന്നിത്തല
Friday, February 24, 2023 4:50 PM IST
റായ്പുര്‍: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകൾ താൻ നടത്തി വരികയായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാത്തതിൽ നിരാശയുണ്ടെങ്കിലും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനം അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്ന രീതി തുടരാന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ധാരണയായതിന് പിന്നാലെയാണ് ചെന്നിത്തല തന്റെ ആഗ്രഹം വെള്ളിപ്പെടുത്തിയത്.
പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ തെരഞ്ഞെടുപ്പ് വേണ്ട എന്ന് നിലപാട് എടുത്തതോടെ നാമനിര്‍ദേശ രീതി തുടരാന്‍ പാർട്ടി തീരുമാനിക്കുകയായിരുന്നു.