ജനങ്ങളെ പേടിച്ചാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ എടുക്കുന്നതെന്ന് കെ. സുധാകരൻ
Thursday, March 2, 2023 8:14 PM IST
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ മേൽ താങ്ങാനാവത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാൽ ജനങ്ങൾ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റർ എടുക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
സ്വപ്ന സുരേഷിനെ അറിയില്ലെന്നു നിയമസഭയിൽ കല്ലുവച്ചകള്ളം വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിയുമായി താൻ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ജനങ്ങളിൽനിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് കേരള മുഖ്യമന്ത്രി.
കരിങ്കൊടി പ്രതിഷേധം മറികടക്കാൻ മുഖ്യമന്ത്രി കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്റർ യാത്ര നടത്തി ട്രയൽ എടുത്തു. തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയാണ് കാണാൻ പോകുന്നത്. അതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാർ എന്ന് മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.