ഡോക്ടറെ മർദിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോർജ്
Sunday, March 5, 2023 5:17 PM IST
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഡോക്ടറെ മർദിച്ച സംഭവത്തിൽ ആറുപേർക്കെതിരേ കേസെടുത്തു. മനപ്പൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തിയാണ് നടക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ.അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മർദിച്ചത്.
ചികിത്സയിലുള്ള കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തെ തുടർന്ന് കഴിഞ്ഞാഴ്ച മരിച്ചിരുന്നു. അണുബാധയെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ശനിയാഴ്ച രാത്രി സിടി സ്കാൻ റിപ്പോർട്ട് വൈകിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നഴ്സിംഗ് സ്റ്റേഷൻ ആക്രമിച്ചിരുന്നു.
ഇത് തടയാനെത്തിയപ്പോഴാണ് ഡോ. അശോകനു മർദനമേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.