പോലീസ് സ്റ്റേഷന് മുകളിൽ നിന്നും ചാടിയയാൾ മരിച്ചു
Monday, March 6, 2023 5:49 AM IST
ന്യൂഡൽഹി: ഡല്‍ഹിയില്‍ പോലീസ് സ്റ്റേഷന് മുകളില്‍ നിന്നും ചാടിയയാള്‍ മരിച്ചു. കമല മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയ ആനന്ദ് വര്‍മ എന്നയാളാണ് മരിച്ചത്.
പോലീസുകാരനെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹെഡ് കോണ്‍സ്റ്റബിളായ അജീത് സിംഗിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സൂചന.
തന്നെ കബളിപ്പിച്ച് 14 ലക്ഷം തട്ടിയെടുത്തെന്ന് പോലീസുദ്യോഗസ്ഥനായ അജീത് സിംഗ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അജീത് തന്നെ ആനന്ദ് വര്‍മയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നല്കിയ ആനന്ദ് വര്‍മയെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചിരുന്നുവെന്നാണ് അജീത് സിംഗ് നല്കുന്ന മൊഴി. എന്നാല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കയറിപ്പോയ ആനന്ദ് വര്‍മ താഴേക്ക് ചാടുകയായിരുന്നു.
പരിക്കേറ്റ ആനന്ദിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. ഉത്തംനഗര്‍ സ്വദേശിയാണ് ആനന്ദ് വര്‍മ.