കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം: സിഐടിയു ഇന്ന് ഉപരോധസമരം നടത്തും
Monday, March 6, 2023 9:31 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരേ സിഐടിയു ഇന്ന് ഉപരോധസമരം നടത്തും. രാവിലെ പത്തിന് തിരുവനന്തപുരത്തെ ചീഫ് ഓഫീസിന്റെ കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിക്കും.
അതേസമയം സിഐടിയു യൂണിയനെ അനുനയിപ്പിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11.30ക്ക് നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്നാണ് ശമ്പള വിതരണം നടത്തിയത്.
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേയാണ് പകുതി ശമ്പളം മാത്രം നല്‍കിയത്.