ഭരണിക്കാവിൽ ലഹരിക്കടിമയായ മകൻ അമ്മയെ കൊലപ്പെടുത്തി
Wednesday, March 8, 2023 6:25 PM IST
ആലപ്പുഴ: മാവേലിക്കര കുറത്തികാട് ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഭരണിക്കാവ് സ്വദേശി രമ (53) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ നിതിനെ(28)യും ഭർത്താവ് മോഹനനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നിതിൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മൂത്തമകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടത്. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂത്തമകൻ ഉച്ചയ്ക്ക് എത്തുമ്പോൾ അറസ്റ്റിലായ നിതിനും പിതാവും വീട്ടിലുണ്ടായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്.