സിഗ്നൽ ലംഘിച്ച് വാഹനമോടിച്ചു; ബസിൽ ട്രെയിനിടിച്ച് ആറു പേർ മരിച്ചു
Friday, March 10, 2023 10:10 AM IST
അബുജ: നൈജീരിയയിലെ ലാഗോസിൽ ബസിൽ പാസഞ്ചർ ട്രെയിനിടിച്ച് ആറു പേർ മരിച്ചു. എൺപതിലേറെ പേർക്ക് പരിക്കേറ്റു. സർക്കാർ ജീവനക്കാരെ ജോലിക്ക് കൊണ്ടുപോകുന്ന ബസ് ഇൻട്രാ സിറ്റി ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു ലാഗോസ് സ്റ്റേറ്റ് എമർജൻസി മാനേജ്മെന്റ് ഏജൻസി അറിയിച്ചു. ബസ് ഡ്രൈവർ ട്രെയിൻ സിഗ്നൽ ലംഘിച്ച് വാഹനമോടിച്ചതാണ് അപകടത്തിൽ എത്തിച്ചത്.
പരിക്കേറ്റവരെല്ലാം ബസിൽ നിന്നുള്ളവരാണെന്നും ട്രെയിനിലുണ്ടായിരുന്ന ആർക്കും പരിക്കില്ലെന്നും സ്റ്റേറ്റ് എമർജൻസി മാനേജ്മെന്റ് ഏജൻസി സെക്രട്ടറി പറഞ്ഞു. ട്രാഫിക്ക് നിയന്ത്രണങ്ങൾ പാലിക്കാത്തതു മൂലം പല നൈജീരിയൻ നഗരങ്ങളിലും അപകടങ്ങൾ പതിവാണ്.