മാതാവിന്റെ ശരീരം വെട്ടിനുറുക്കി ടാങ്കിൽ സൂക്ഷിച്ച യുവതി പിടിയിൽ
Wednesday, March 15, 2023 7:38 PM IST
മുംബൈ: മാതാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വീട്ടിൽ സൂക്ഷിച്ച യുവതി പിടിയിൽ. ലാൽബാഗിലെ ഇബ്രാഹിം കസർ ചൗളിൽ വസിക്കുന്ന വീണ പ്രകാശ് ജെയ്ൻ(55) ആണ് മരിച്ചത്.
വീണയുടെ മകൾ റിംപിൾ ജെയ്ൻ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മാർബിൾ കട്ടർ ഉപയോഗിച്ച് ശരീരം വെട്ടിനുറുക്കി രണ്ട് മാസത്തോളം സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. വീണയുടെ കൈകാലുകൾ വീട്ടിലെ ജലസംഭരണിക്കുള്ളിൽ നിന്നും ശിരസ് അലമാരയ്ക്കുള്ളിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.
വീണയെയും റിംപിളിനെയും അന്വേഷിച്ച് വീട്ടിലെത്തിയ ഇവരുടെ ബന്ധുവിന് തോന്നിയ സംശയമാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്. ഏറെ നേരെ വാതിലിൽ മുട്ടിയിട്ടും ആരും പ്രതികരിക്കാതിരുന്നതോടെ ബന്ധു സമീപവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വീണയെ രണ്ട് മാസമായി പുറത്തേക്ക് കണ്ടിട്ടില്ലെന്ന വിവരം ബന്ധു മറ്റ് കുടുംബാംഗങ്ങളെ അറിയിച്ചു. തുടർന്ന് ഇവരെത്തി റിംപിളിനെ നിർബന്ധിച്ച് വീടിന്റെ വാതിൽ തുറപ്പിക്കുകയായിരുന്നു. മാതാവ് കാൺപൂരിലാണെന്നാണ് റിംപിൾ ഇവരോട് പറഞ്ഞത്.
സംശയം തോന്നിയ ബന്ധുക്കൾ റിംപിളുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പോലീസെത്തി വീട്ടിൽ നടത്തിയ തെരച്ചിലിലാണ് വീണയുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ താൻ കുറ്റക്കാരിയല്ലെന്നാണ് റിംപിൾ പറയുന്നത്. 2022 ഡിസംബറിൽ വീടിന്റെ മുകൾനിലയിൽ നിന്ന് വീണ് പരിക്കേറ്റ വീണ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും മതിയായ സമയത്ത് താൻ ചികിത്സ നൽകില്ലെന്ന ആരോപണം ഉയരുമെന്ന് ഭയന്നാണ് ശരീരം ഒളിപ്പിച്ചതെന്നുമാണ് ഇവർ പറഞ്ഞത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.