അഞ്ച് വർഷത്തിനിടെ ഐഐടികളിൽ ജീവനൊടുക്കിയത് 33 വിദ്യാർഥികൾ
Wednesday, March 15, 2023 9:00 PM IST
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി) കാമ്പസുകളിലായി ജീവനൊടുക്കിയത് 33 വിദ്യാർഥികൾ. രാജ്യസഭയിൽ കോൺഗ്രസ് എംപി എൽ. ഹനുമന്തപ്പ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാർ ആണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.
2018 മുതൽ 2023 വരെയുള്ള കാലത്ത് രാജ്യത്തെ പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎം, എൻഐടി എന്നിവടങ്ങളിലായി 61 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. 2014-2021 കാലത്ത് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 122 വിദ്യാർഥികൾ ജീവനൊടുക്കിയതായി നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
ഈ 122 വിദ്യാർഥികളിൽ 24 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും മൂന്ന് പേർ പട്ടികവർഗക്കാരുമാണ്. ജീവനൊടുക്കിയ 41 പേർ ഒബിസി വിഭാഗത്തിൽപ്പെട്ടവരാണ്.
പഠനസമ്മർദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ, മാനസിക സമ്മർദം എന്നിവയാണ് വിദ്യാർഥികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് മന്ത്രി അറിയിച്ചത്. ജാതിവിവേചനം മൂലം ഏതെങ്കിലും വിദ്യാർഥി ജീവനൊടുക്കിയെന്ന് സഭയിൽ അവതരിപ്പിച്ച കണക്കിൽ രേഖപ്പെടുത്തിയിട്ടില്ല.