വയറ്റിൽ സർജിക്കൽ സാമഗ്രിവച്ച് തുന്നിക്കെട്ടിയ സംഭവം; മന്ത്രി ശിവൻകുട്ടി റിപ്പോർട്ട് തേടി
Thursday, March 16, 2023 9:41 PM IST
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം വയറ്റിൽ സർജിക്കൽ സാമഗ്രിവച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ എഴുകോണ്‍ ഇഎസ്ഐ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടാൻ മന്ത്രി വി. ശിവൻകുട്ടി തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജിത് കുമാറിന് നിർദേശം നൽകി.
ഇഎസ്ഐ കോർപ്പറേഷൻ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കോർപ്പറേഷന് കീഴിൽ വരുന്ന ആശുപത്രിയാണ് എഴുകോണിലേത്. അതിനാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാനാകില്ല. എന്നാൽ സംസ്ഥാനത്തെ ഇഎസ്ഐയുടെ ചുമതലയുള്ള തൊഴിൽ മന്ത്രി എന്ന നിലയിലാണ് റിപ്പോർട്ട് തേടാൻ നിർദേശിച്ചത്.
സംഭവം ദൗർഭാഗ്യകരമാണെന്നും കേന്ദ്രസർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.