കുരുക്ക് മുറുകുന്നു; ഇമ്രാൻ ഖാനെതിരെ പുതിയ കേസെടുത്ത് പാക് പോലീസ്
Friday, March 17, 2023 3:45 AM IST
ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പുതിയ കേസെടുത്ത് പാക്കിസ്ഥാൻ ഫെഡറൽ ക്യാപിറ്റൽ പോലീസ്. പിടിഐ പാർട്ടി അധ്യക്ഷനായ ഇമ്രാനും അടുത്ത അനുയായി ഷാ മെഹമൂദ് ഖുറേഷിക്കും നിരവധി പ്രവർത്തകർക്കുമെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിൽ കേസെടുത്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.
തോഷഖാന കേസിൽ ഇസ്ലാമാബാദ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നേരിടുന്നതിനിടെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഭാരാ കാഹു, ഖന്ന, തർണോൾ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 70കാരനായ ഇമ്രാനെതിരെ പാക്കിസ്ഥാനിൽ ഇപ്പോൾ എൺപതിലേറെ കേസുകളുണ്ട്.
അതിനിടെ ഇമ്രാൻ ഖാന്റെ അറസ്റ്റ് വ്യാഴാഴ്ചയും ഇസ്മാബാദ് കോടതി തടഞ്ഞു. കേസിൽ ഇമ്രാൻ ഖാൻ നേരിട്ട് ഹാജരാകാൻ വെള്ളിയാഴ്ച വരെ കോടതി സമയം നൽകി. അതുവരെ പോലീസ് ഇമ്രാനെ അറസ്റ്റ് ചെയ്യില്ല.