അമൃത്പാൽ സിംഗിന്റെ അടുത്തഅനുയായി പിടിയിൽ
Sunday, March 19, 2023 11:17 AM IST
അമൃത്സർ: പഞ്ചാബിൽ അമൃത്പാൽ സിംഗിന്റെ അടുത്തഅനുയായി പിടിയിൽ. ദൽജീത് സിംഗ് കൽസി (സരബ്ജീത് സിംഗ് കൽസി) ആണ് അറസ്റ്റിലായത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ തലവനാണ് അമൃതപാൽ സിംഗ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, അമൃത്പാൽ സിംഗിനെ പിടികൂടാൻ പഞ്ചാബിൽ കനത്ത തെരച്ചിലാണ് പോലീസും കേന്ദ്രസേനയും നടത്തുന്നത്. സംസ്ഥാനത്തുടനീളം സുരക്ഷാക്രമീകരണങ്ങൾ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്.
അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അമൃത്സറിലെ ജല്ലുപൂർ ഖേര ഗ്രാമത്തിലുള്ള അമൃത്പാലിന്റെ വസതിക്ക് പുറത്ത് വൻപോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
അമൃത്പാലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു. എന്നാല്‍ കുറ്റകരമായി ഒന്നും കണ്ടെത്താനായില്ല. മകന്റെ ഒരു വിവരവുമില്ലന്ന് പിതാവ് താര്‍സേം സിംഗ് പറഞ്ഞു.
അമൃത്പാലിന്റെ രണ്ട് കാറുകൾ പോലീസ് പിടിച്ചെടുത്തു. തോക്കുധാരികളായ അനുയായികളെ പിടികൂടി. ഇവരിൽ നിന്നും കണ്ടെത്തിയ തോക്കുകൾക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിച്ചു. റെയ്ഡുമായി ബന്ധപ്പെട്ട് ഇതുവരെ 78 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബൈക്കിലാണ് അമൃതപാൽ പോലീസിനെ വെട്ടിച്ച് കടന്നത്. ഏഴ് ജില്ലകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന, സംസ്ഥാന പോലീസിന്റെ പ്രത്യേക സംഘം ജലന്ധറിലെ ഷാഹ്കോട്ട് തഹ്സിലിൽ വച്ച് അമൃത്പാൽ സിംഗിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നു. എന്നാൽ, ഇയാളെ പിടികൂടാനായില്ല.
മതമൗലിക നേതാവ് ദീപ് സിദ്ധു റോഡ് അപകടത്തില്‍ മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു.
ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിംഗിനെ അജ്നാന പോലീസ് പിടികൂടിയപ്പോള്‍ അമൃത്പാലിന്റെ അനുചരന്മാര് ആയുധവുമായി സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാൾക്കെതിരെ നിലവില്‍ ഉണ്ട്.