അമൃത്പാൽ സിംഗിന്റെ അംഗരക്ഷകർ അറസ്റ്റിൽ
Sunday, March 19, 2023 11:57 AM IST
ജലന്ദർ: വാരിസ് പഞ്ചാബ് ദേയുടെ തലവനായ അമൃത്പാൽ സിംഗിന്റെ അംഗ സംരക്ഷകർ അറസ്റ്റിൽ. ജലന്ദറിൽ നിന്നും മൂന്നുപേരെയാണ് പോലീസ് സംഘം പിടികൂടിയത്.
പോലീസിനെ കണ്ട ഇവർ ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നിമിഷങ്ങൾക്കകം ഇവരെ മൂന്നുപേരെയും പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയ സ്ഥലത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമൃത്പാൽ സിംഗ് എത്തിയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
ഖാലിസ്ഥാൻ-പാകിസ്ഥാൻ ഏജന്റ് എന്ന് പഞ്ചാബ് സർക്കാർ വിശേഷിപ്പിക്കുന്ന അമൃത്പാൽ സിംഗ്, കഴിഞ്ഞ ദിവസം വൈകുന്നേരം ജലന്ധറിൽ മോട്ടോർ സൈക്കിളിൽ രക്ഷപെടുന്നതാണ് അവസാനമായി കണ്ടത്.
ഇയാൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഞ്ചാബിൽ സജീവമാണ്. പലപ്പോഴും ആയുധധാരികളായ അനുയായികളുടെ അകമ്പടിയോടെയാണ് യാത്ര. ഖാലിസ്ഥാനി വിഘടനവാദിയും ഭീകരനുമായ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്ന അമൃത്പാൽ, ഭിന്ദ്രൻവാല രണ്ടാമനെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
പോലീസുകാർ തങ്ങളെ പിന്തുടരുന്നുവെന്ന് ആരോപിച്ച് അമൃത്പാലിന്റെ അനുയായികൾ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിനെത്തുടർന്ന് പലസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കുകയും സംസ്ഥാനത്തുടനീളമുള്ള ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അമൃത്പാൽ സിംഗും അനുയായികളും അറസ്റ്റിലായ കൂട്ടാളികളിലൊരാളെ മോചിപ്പിക്കുന്നതിനായി വാളുകളും തോക്കുകളുമായി പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ഒരു മാസത്തിന് ശേഷമാണ് നടപടി. സംഘർഷത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് പഞ്ചാബ് സർക്കാർ വൻ വിമർശനമാണ് നേരിട്ടത്.