കോൺഗ്രസ് ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറൽ സെക്രട്ടറിക്ക് സസ്പെൻഷൻ
Sunday, March 19, 2023 7:32 PM IST
പത്തനംതിട്ട: കോണ്‍ഗ്രസ് പദയാത്രയ്ക്കുനേരെ ചീമുട്ടയെറിഞ്ഞ ഡിസിസി സെക്രട്ടറിക്ക് സസ്പെന്ഷന്. നഗരസഭ കൗണ്‍സിലറും, ഡിസിസി സെക്രട്ടറിയുമായ എം.സി.ഷെരീഫിനെതിരെയാണ് സസ്പെൻഡ് ചെയ്തത്.
ഗുരുതര അച്ചടക്കലംഘനമാണ് ഡിസിസി ജനറൽ സെക്രട്ടറി നടത്തിയതെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ അറിയിച്ചു.
പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ ഹാഥ് സെ ഹാഥ് ജാഥയ്ക്ക് നേരേയായിരുന്നു ചീമുട്ടയേറുണ്ടായത്. കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയായിരുന്നു ആക്രമണം.
വലഞ്ചുഴിയിൽ ശനിയാഴ്ച വൈകിട്ട് തുടങ്ങിയ വാക്കേറ്റം കൈയാങ്കളിയിലേക്കും കല്ലേറിലും ചീമുട്ടയേറിലും കലാശിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി എം.എം. നസീറിന്റെ കാറിനുനേരെയും കല്ലേറുണ്ടായി. ഇതോടെ പദയാത്രയ്ക്ക് എത്തിയവർ ഓടിരക്ഷപ്പെട്ടു. ഏറെനേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു.
പത്തുപേരാണ് പദയാത്രയ്ക്ക് ഉണ്ടായിരുന്നത്. സംഘർഷം അറിഞ്ഞ് സ്ഥലത്തുവന്ന കെഎസ്ആർടിസി ജീവനക്കാരൻ കാദരിയെ ഷെറീഫിന്റെ അനുയായിയാണെന്ന് തെറ്റിദ്ധരിച്ച് പദയാത്രാ സംഘം ആക്രമിച്ചു. പരിക്കേറ്റ കാദരിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.