നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി; സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു
Tuesday, March 21, 2023 3:35 PM IST
തിരുവനന്തപുരം: നിയമസഭയിലെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിടെ സഭാസമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വരും ദിവസങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ധനാഭ്യര്‍ഥനകള്‍ സഭ ഇന്ന് പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രമേയം സ്പീക്കര്‍ അംഗീകരിച്ചതോടെ ബില്ലുകള്‍ വേഗം അവതരിപ്പിച്ച്, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു.
പ്രതിപക്ഷം സമരം കടുപ്പിച്ചതോടെ സഭാനടപടികള്‍ സുഗമമായി നടക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് സര്‍ക്കാരിന്റെ നീക്കം. ഇന്ന് നിയമസഭ ആരംഭിച്ചപ്പോള്‍ മുതല്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലത്തേയ്ക്ക് സത്യാഗ്രഹ സമരമാരംഭിച്ചിരുന്നു.
അന്‍വര്‍ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്ദീന്, എ.കെ.എം.അഷ്റഫ്, ഉമാ തോമസ് എന്നിവരാണ് സത്യാഗ്രഹമിരുന്നത്. ഇതിനെതിരെ കടുത്ത വിമർശനവുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയിരുന്നു.
അതേസമയം സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ഇന്നും ഒഴിവാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായ സംഭവത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.