ഡല്‍ഹി ബജറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം
Tuesday, March 21, 2023 6:13 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി ബജറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്കി. ബജറ്റില്‍ പരസ്യത്തിന് അനുവദിച്ചിരിക്കുന്ന തുക സംബന്ധിച്ച് കേന്ദ്രം വിശദീകരണം തേടിയതിന് പിന്നാലെ ഇന്ന് ബജറ്റവതരണം മുടങ്ങിയിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തേക്കാള്‍ താരതമ്യേന കൂടുതല്‍ തുക പരസ്യത്തിനായി അനുവദിച്ചതില്‍ കേന്ദ്രം വിശദീകരണം തേടിയതോടെയാണ് ഇന്നത്തെ ബജറ്റ് അവതരണം മുടങ്ങിയത്. കേന്ദ്രത്തിന്റെ അനുമതിയില്ലാത്തതിനാല്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് ധനമന്ത്രി കൈലാഷ് ഗെഹ്ലോട്ട് സഭയില്‍ അറിയിച്ചത്.
ബജറ്റില്‍ വിശദീകരണം ചോദിച്ചെങ്കിലും കഴിഞ്ഞ മുന്ന് ദിവസമായി ഡല്‍ഹി സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ബജറ്റവതരണം മുടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് കേന്ദ്രം തടയുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.