ഹിന്ദുത്വത്തെ അപമാനിച്ചെന്ന പരാതി; കന്നഡ നടൻ അറസ്റ്റിൽ
Tuesday, March 21, 2023 6:46 PM IST
ബംഗളൂരു: ഹിന്ദുത്വ നയങ്ങളെ വിമർശിക്കുന്ന ട്വീറ്റ് കുറിച്ച കന്നഡ ചലച്ചിത്ര താരം ചേതൻ അഹിംസയെ( ചേതൻ കുമാർ) പോലീസ് അറസ്റ്റ് ചെയ്തു.
ഹിന്ദുത്വം എന്ന ആശയം നുണകളുടെ മീതെയാണ് പടുത്തുയർത്തിയത് എന്ന ട്വീറ്റിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാവണവധത്തിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയ വേളയിലാണ് ഇന്ത്യ സ്ഥാപിതമായതെന്ന് വി.ഡി. സവർക്കറിന്റെ ആശയം തെറ്റാണെന്ന് ചേതൻ കുറിച്ചു.
ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് ശ്രീരാമൻ ജനിച്ചതെന്ന വാദം ശരിയല്ലെന്നും ടിപ്പു സുൽത്താന്റെ കൊലയാളികളാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന പേരുകൾ തെറ്റാണെന്നും താരം കുറിച്ചിരുന്നു.
ദുർബല വിഭാഗങ്ങൾക്കായി നിരന്തരം ശബ്ദിക്കുന്ന ചേതനെ ബംഗളൂരു നഗരത്തിലെ ശേഷാദ്രിപുരം മേഖലയിൽ നിന്ന് ഇന്ന് വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റമടക്കം ചേതനെതിരെ ചുമത്തിയിട്ടുണ്ട്.